യുഡിഎഫ് കണ്വന്ഷന് ഇന്ന്
തൊടുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തോടനുബന്ധിച്ചുള്ള നിയോജകമണ്ഡലം കണ്വന്ഷന് ഇന്നു നടക്കും. പഴയ ബസ്സ്റ്റാന്‍ഡ് മൈതാനിയില്‍ വൈകുന്നേരം 5.30ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്, ഡീന്‍ കുര്യാക്കോസ് എംപി, കെ.എന്‍.എ. ഖാദര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രസംഗിക്കും. കണ്വന്ഷന് മുന്നോടിയായി വൈകുന്നേരം അഞ്ചിന് മങ്ങാട്ടുകവലയില്നിന്നു റോഡ്ഷോ ആരംഭിക്കും.
പര്യടനം നാളെ മുതല്‍
തൊടുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫിന്റെ പര്യടനം നാളെ ആരംഭിക്കും. നാളെ ആലക്കോട്, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലും 28ന് കരിമണ്ണൂര്‍ പഞ്ചായത്തിലുമാണ് പര്യടനം. നാളെ രാവിലെ എട്ടിന് ചിലവ് ജംഗ്ഷനില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പര്യടനം ഉദ്ഘാടനം ചെയ്യും.
അപുവിനായി പാട്ടുപാടി മുജീബ്
തൊടുപുഴ: വോട്ടുതേടിയുള്ള യാത്രയില്‍ പാട്ടുകൊണ്ട് അപു ജോണ്‍ ജോസഫിനെ വരവേറ്റ് മുജീബ്. കരിങ്കുന്നം പൊന്നന്താനത്ത് വോട്ട് തേടിയുള്ള യാത്രയ്ക്കിടെയാണ് മുജീബിനെ സ്ഥാനാര്‍ഥി കണ്ടുമുട്ടിയത്. പൊന്നന്താനം ഉള്‍പ്പെടെയുള്ള മേഖലയില്‍ മത്സ്യവ്യാപാരം നടത്തുകയാണ് മുജീബ്. യുഡിഎഫ് സ്ഥാനാര്‍ഥിയാണ് എന്നു പറഞ്ഞ് പരിചയപ്പടുത്തിയപ്പോഴാണ് കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുമായി നിറഞ്ഞ മനസോടെ അപുവിനെ മുജീബ് വരവേറ്റത്.
എല്‍ഡിഎഫ് മണ്ഡലം കണ്വന്ഷന് നടത്തി
തൊടുപുഴ: നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറിയക് ചാഴികാടന്റെ വിജയത്തിനായി പഴയ ബസ്സ്റ്റാന്‍ഡ് മൈതാനിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്വന്ഷന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു.
എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷമായി സംസ്ഥാനത്ത് നടപ്പാക്കിയ വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ വേദിയില്‍ എടുത്തു പറഞ്ഞു. വി.വി. മത്തായി അധ്യക്ഷത വഹിച്ചു.
എല്‍ഡിഎഫ് നേതാക്കളായ സി.വി. വര്‍ഗീസ്, കെ.പി. മേരി, മുഹമ്മദ് ഫൈസല്‍, ടി.കെ. ശിവന്‍നായര്‍, ലിനു ജോസ്, അഡ്വ. ജോയ്സ് ജോര്‍ജ്, ജോസ് ഫിലിപ്പ്, വി.ആര്. പ്രമോദ്, സുനില്‍ സെബാസ്റ്റ്യന്‍, ജോസ് പാലത്തിനാല്‍, കെ.ഐ. ആന്റണി, റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ, മുന്‍ എംഎല്‍എ പി.സി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ആവേശപൂര്‍വം റോയി വാരികാട്ടിന്റെ പ്രചാരണം
തൊടുപുഴ: എന്‍ഡിഎ സ്ഥാനാര്‍ഥി റോയ് വാരികാട്ടിന്റെ പ്രചാരണം വലിയ ആവേശത്തോടെ തുടരുന്നു. രാജ്യം പദ്മവിഭൂഷന് നല്കി ആദരിച്ച പി. നാരായണനെ സന്ദര്‍ശിച്ചായിരുന്നു പര്യടനത്തിന്റെ തുടക്കം. പിന്നീട് കുടയത്തൂര്‍ മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി അദ്ദേഹം നിരവധി വീടുകള്‍ സന്ദര്‍ശിക്കുകയും ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
മുതിര്‍ന്ന സാമൂഹികസംഘ പ്രവര്‍ത്തകരെയും പ്രമുഖ വ്യക്തികളെയും സന്ദര്‍ശിച്ച വാരിക്കാട്ട് അടിസ്ഥാന പ്രശ്നങ്ങളും വികസന ആവശ്യങ്ങളും സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. സ്വാമി അയ്യപ്പദാസ്, എം.എന്‍. ജയചന്ദ്രന്, തൊടുപുഴ വിജ്ഞാനമാതാ പള്ളി വികാരി ഫാ. തോമസ് വിലങ്ങുപാറയില്‍ എന്നിവരെ സന്ദര്‍ശിച്ചു.
തൊടുപുഴ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ച റോയി വാരികാട്ട് വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ചു.
നിര്‍മാണനിരോധനം മാറ്റിയെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം: റോയി കെ. പൗലോസ്
കട്ടപ്പന: നിര്‍മാണനിരോധനം മാറ്റിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ചക്കള്ളമാണെന്ന് ഇടുക്കി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ. പൗലോസ്. ജില്ലയിലെ ജനതയോട് പകയോടെയുള്ള പ്രതികരണമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. നിര്‍മാണനിരോധനം മാറ്റിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ആര്‍ക്കെങ്കിലും നിര്‍മാണാനുമതി നല്കിയിട്ടുണ്ടെങ്കില് അക്കാര്യം വ്യക്തമാക്കണം.
മലയോര ജനതയ്ക്ക് പട്ടയം കൊടുക്കുന്നതിനെതിരേ പരിസ്ഥിതിവാദികള്‍ കോടതിയില്‍ പറയുന്ന കള്ളങ്ങള്‍ തെറ്റാണെന്ന് പറയേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മിണ്ടുന്നില്ല. ഷോപ്പ്സൈറ്റുകള്‍ക്ക് പട്ടയം നല്കാന് തീരുമാനമെടുത്തെന്ന് വ്യക്തമാക്കിയിട്ട് നാലു മാസമായെങ്കിലും ഇപ്പോഴും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോള്‍ രണ്ടാമതും അപേക്ഷ വാങ്ങിക്കുകയാണ്.
ഇടുക്കി പാക്കേജിന്റെ ഭാഗമായി ഒറ്റ പ്രോജക്ട് മാത്രമാണ് ജില്ലയില്‍ നടന്നിട്ടുള്ളതെന്നും റോയി കെ. പൗലോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മണ്ഡലപര്യടന ജാഥയ്ക്ക് ഇന്നു തുടക്കം; ആദ്യദിനംഅറക്കുളം, കുടയത്തൂർ പഞ്ചായത്തുകളിൽ
ചെറുതോണി: ഇടുക്കി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിന്റെ മണ്ഡല പര്യടനജാഥ ഇന്ന് ആരംഭിക്കും. ഏപ്രിൽ രണ്ടുവരെ നീളുന്ന പര്യടനത്തിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എത്തി പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് ശ്രമിക്കുന്നത്.
പര്യടനത്തിന്റെ ആദ്യദിനമായ ഇന്ന് അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളിൽ വിവിധ ഇടങ്ങളിൽ വോട്ടർമാരെ അഭിസംബോധന ചെയ്യും. എൽഡിഎഫിന്റെ ജില്ലാ, പ്രാദേശിക നേതാക്കൾ പര്യടനത്തിന്റെ ഭാഗമാകും.
ഇന്നലെ കട്ടപ്പനയിൽ വിവിധ മേഖലകളിൽ വോട്ടർമാരെ നേരിൽ കണ്ട് റോഷി അഗസ്റ്റിൻ വോട്ട് അഭ്യർഥിച്ചു. വ്യക്തിപരമായി അടുപ്പമുള്ളവരുടെ വീടുകളിൽ നേരിട്ട് എത്തിയാണ് ഇന്നലെ വോട്ട് അഭ്യർഥിച്ചത്. കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുള്ള മഠങ്ങളിലും എത്തി റോഷി അഗസ്റ്റിൻ അനുഗ്രഹം തേടി.
തൊടുപുഴയുടെ വികസനത്തിനായി പ്രവര്‍ത്തിക്കും: ബേസില്‍
തൊടുപുഴ: തെരഞ്ഞെടുക്കപ്പെട്ടാല്‍ നാടിന്റെ വികസനത്തിനായി നിലകൊള്ളുമെന്ന് ആംആദ്മി പാര്‍ട്ടി തൊടുപുഴ നിയോജക മണ്ഡലം സ്ഥാനാര്‍ഥി ബേസില്‍ ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇവിടെ മത്സരിക്കുന്ന ഏക ദേശീയ പാര്‍ട്ടിയാണ് തങ്ങളുടേത്.
പാതിവില തട്ടിപ്പില്‍ പ്രതിയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടാന്‍ ഇനിയും തയാറായിട്ടില്ല. ഇതു പുറത്തുവിട്ടാല്‍ യുഡിഎഫിലെയും എല്‍ഡിഎഫിലെയും പലരുടെയും പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൊടുപുഴയില്‍ വികസനം തടസപ്പെട്ടിരിക്കുകയാണ്. നെയ്യശേരി-തോക്കുമ്പന്‍സാഡില്‍ റോഡിന്റെ നിര്‍മാണത്തില്‍ വന്‍ അഴിമതിയുണ്ട്.
മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയുടെ നിര്‍മാണം എങ്ങുമെത്തിയില്ല. തൊടുപുഴയിലെ മറ്റു മുന്നണി സ്ഥാനാര്‍ഥികള്‍ അധികാരത്തിനുവേണ്ടി ഏതറ്റംവരെയും പോകും. ഇതിനായി മുന്നണിമാറാനും ഇവര്‍ മടിക്കില്ല. കൃത്യമായ നിലപാടില്ലാത്ത സമീപനമാണ് ഇവരുടേത്. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നു സഹകരണ ബാങ്കുകള്‍ തകര്‍ത്തു. തെരഞ്ഞെടുക്കപ്പട്ടാല്‍ പാതിവില തട്ടിപ്പിലെ മുഴുവന്‍ പേരുടെയും പണം തിരികെ നല്കാന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ബേസില്‍ പറഞ്ഞു.